അധ്യാപകര്‍ക്ക് ഇംഗ്ലീഷില്‍ സൗജന്യ പരിശീലനം
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് 2013-14 വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിനുളള രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 45 വയസ് കഴിയാത്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അദ്ധ്യാപകരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്. പരിശീലനം നേടുന്ന അദ്ധ്യാപകരെ ഇംഗ്ലീഷില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിക്കും. പ്രൊട്ടക്ടഡ്/ റീട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അദ്ധ്യാപകര്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് വീണ്ടും പരിശീലനം നല്‍കും. ഇങ്ങനെ പരിശീലനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ജില്ലയിലെ മറ്റു ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പിന്നീട് ഡിജിറ്റല്‍ മള്‍ട്ടി മീഡിയ ലാംഗ്വേജ് ലാബ് പ്രോഗ്രാമിന്റെ പരിശീലനവും നല്‍കും. പരിശീലന ദിവസങ്ങളില്‍ അദ്ധ്യാപകര്‍ക്ക് ഐ.റ്റി@സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സിന് നല്‍കുന്ന നിരക്കില്‍ ഹോണറേറിയം അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ ഒരു വര്‍ഷം ഈ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കണം. താല്‍പര്യമുളള അദ്ധ്യാപകര്‍ ഒക്ടോബര്‍ 10 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടെ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
0 comments:
Post a Comment